മക്കാ മുകർറമയിൽ അവതരിച്ചത്.എന്നാൽ 28,83 – 101 ആയത്തുകൾ മദീനാ മുനവ്വറയിൽ അവതരിച്ചു. 110 ആയത്തുകൾ. 12 റുകൂഅ്. അവതരണ ക്രമം 69. പാരായണ ക്രമം 18. സൂറത്തുൽ ഗാഷിയക്കൂ ശേഷം അവതരണം.
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹവിൻ നാമത്തിൽ ആരംഭം.
- തന്റെ ദാസന്റെ മേൽ ഈ വിശുദ്ധ ഗ്രന്ഥം അവതരിപ്പിക്കുകയും അതിൽ യാതൊരു ന്യൂനതയും അവശേഷിപ്പിക്കാതിരിക്കുകയും ചെയ്ത അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും.
- ഇത് തീർത്തും ശരിയായ ഗ്രന്ഥമാകുന്നു. (ഇത് അവതീർണമായത്) അല്ലാഹുവിന്റെ ഭാഗത്തുനിന്നുമുള്ള കഠിന ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനും സൽകർമ്മങ്ങൾ അനുഷ്ഠിക്കുന്ന സത്യവിശ്വാസികൾക്ക് സന്ദരമായ പ്രതിഫലമുണ്ടെന്ന് സുവാർത്ത അറിയിക്കുന്നതിനുമാണ്.
- അവർ അതിൽ കാലാകാലം കഴിയുന്നതാണ്.
- അല്ലാഹു സന്താനത്തെ സ്വീകരിച്ചു എന്ന് പറയുന്നവർക്ക് മുന്നറിയിപ്പ് നല്കുന്നതിനുമാണ്.
- അവർക്കും അവരുടെ പൂർവിക പിതാക്കന്മാർക്കും അതിനെക്കുറിച്ച് യാതൊരു അറിവുമില്ല. അവരുടെ വായകളിൽ നിന്നും പുറപ്പെടുന്ന വാചകം വളരെ ഗൗരവമായ താണ്. അവർ കളവ് മാത്രമാണ് പറയുന്നത്.