ആരാധനക്ക് മാത്രമായാണ് മനുഷ്യനെ നിയോഗിച്ചത് എങ്കിൽ എല്ലാവരും ആരാധിച്ചു കൊണ്ട് മാത്രമിരുന്നാൽ മറ്റ് കാര്യങ്ങളും ആവശ്യങ്ങളും എങ്ങനെ നടക്കും?

ഉത്തരം:
ഇസ്ലാമിന്റെ ഭാഷയിൽ ആരാധന എന്നാൽ ചില പ്രത്യേക അനുഷ്ഠാനങ്ങൾക്ക് മാത്രം പറയുന്ന പേരല്ല, മറിച്ച് ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവഭയവും സത്യസന്ധതയും മുറുകെ പിടിക്കുകയും തിന്മകളെ വർജ്ജിക്കുകയും ചെയ്യുന്നതിനാണ് പുർണ്ണ ആരാധന എന്ന് പറയുന്നത്. അനുഷ്ഠാനങ്ങളിൽ മാത്രം ഒതുക്കാതെ മുഴുവൻ ജീവിത വ്യവഹാരങ്ങളിലും മതനിയമം മുറുകെ പിടിച്ച് ജീവിക്കുന്നവർ മാത്രമാണ് വിജയിക്കുന്നത് എന്ന് ഖുർആൻ പല തവണ പറയുന്നുണ്ട്.

നൂറ്റിമൂന്നാം അദ്ധ്യായം ഈ ആശയം വ്യക്തമായി പ്രതിബാധിക്കുന്നുണ്ട്. വേറെയും ധാരാളം സ്ഥലങ്ങളിൽ ഖുർആൻ ഇതേ ആശയത്തിലേക്ക് സൂചന നൽകുന്നുണ്ട്.

കുറച്ച് അനുഷ്ഠാനങ്ങൾ മാത്രം ചെയ്യുകയും തങ്ങൾ മുസ്ലിമായി എന്ന് പറയുകയും ചെയ്തവരോട് ഖുർആൻ പറഞ്ഞത് നിങ്ങൾ വിശ്വാസികൾ ആയിട്ടില്ല എന്നാണ്. (49:14)

ചുരുക്കത്തിൽ ഖുർആനിന്റെ ഭാഷയിൽ ആരാധന എന്നാൽ ജീവിതത്തിന്റെ എല്ലാ മേഖലകളും ഉൾക്കൊള്ളുന്നതാണ്. ഉറക്കവും ഉണർച്ചയും, കച്ചവടവും ഉദ്യോഗവും, കുടുംബവും സമൂഹവും, പ്രാർത്ഥനയും പ്രവർത്തനങ്ങളും എല്ലാം ഉൾക്കൊള്ളുന്ന സമ്പൂർണ്ണ ജീവിത വ്യവസ്ഥിതി ദൈവീക നിയമാനുസൃതമാക്കുക എന്നത് മാത്രമാണ് മനുഷ്യന്റെ നിയോഗലക്ഷ്യം എന്നതാണ് ഖുർആൻ സൂചിപ്പിക്കുന്നത്.

NB: ഖുർആനിക അദ്ധ്യാപനങ്ങളുടെ വായനക്കും നിങ്ങളുടെ ചോദ്യത്തിനും നന്ദി രേഖപ്പെടുത്തുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.

ഖുർആനിന്റെ വിശാലമായ വചനങ്ങളെ ചെറു പാഠങ്ങളായി സംഗ്രഹിക്കുമ്പോൾ വരുന്ന അവ്യക്തത മൂലമുണ്ടാകുന്ന സംശയങ്ങൾ മാത്രമാണിത്. പൂർണ്ണമായ പഠനത്തിലൂടെ അവ ദൂരീകരിക്കാനാവും.

സർവ്വശക്തനായ അല്ലാഹു നമ്മെ സന്മാർഗ്ഗത്തിലേക്ക് നയിക്കട്ടെ!.
ദാറുൽ ഉലൂം - ഓച്ചിറ
തയ്യാറാക്കിയത്:
ഹഫിസ് സൽമാൻ ഹുസ്നി നദ്വി
മുദരിസ്(ദാറുൽ ഉലൂം ഒാച്ചിറ)