വഴികളെ അല്ലാഹു സൃഷ്ടിച്ചു എന്ന് പറഞ്ഞുവല്ലോ? മനുഷ്യനല്ലേ പാതകൾ ഉണ്ടാക്കിയത്?

ഉത്തരം:
16: 15 ൽ സൂചിപ്പിച്ച പ്രസ്തുത കാര്യം എങ്ങനെയാണ് ശരിയാകുന്നത് എന്നത് സ്വാഭാവികമായ സംശയമാണ്. എന്നാൽ പൂർണ്ണമായ ആയത്തിൽ പറയുന്നതെന്തെന്നാൽ വഴി തെറ്റാതിരിക്കാൻ നിങ്ങൾക്ക് കൃത്യമായ പാതകൾ അവൻ ഇട്ട് തന്നു എന്നാണ്.

മനുഷ്യന്റെയോ മൃഗങ്ങളുടെയോ ഒരേ സ്ഥലത്തു കൂടിയുള്ള നിരന്തരമായ സഞ്ചാരത്തിലൂടെയാണ് പാതകൾ രൂപീകൃതമാകുന്നത്. നാം പിന്നീട് കാണുമ്പോൾ അതൊരു തെളിഞ്ഞ പാതയാണെങ്കിൽ പോലും അതിന്റെ പ്രാരംഭം ശൂന്യതയാണ്. പിന്നീട് ഒരേ സ്ഥലത്ത് കൂടി തന്നെ സഞ്ചാരത്തിന്റെ നൈരന്തര്യം അല്ലാഹു ഉണ്ടാക്കുമ്പോഴാണ് അത് പാതയാകുന്നത്. മനുഷ്യന് അല്ലെങ്കിൽ മൃഗങ്ങൾക്ക് അങ്ങനെയൊരു ബോധനം ഇട്ട് നൽകുന്നു എന്നതാണ് ഇവിടെ പടച്ചവന്റെ അനുഗ്രഹം. സൃഷ്ടിച്ചു എന്നതിന് ഖുർആൻ ഉപയോഗിക്കുന്ന ഖലഖ, ജഅല, ഫത്വറ തുടങ്ങിയ പദങ്ങൾക്ക് പകരം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് അൽഖാ എന്ന പദമാണ്. ആ പദം നൽകുന്ന ആശയം ഇതാണ്.

സമുദ്ര വ്യോമ പാതകളിലേക്കുള്ള ബോധനവും ഈ നിലയിൽ തന്നെയാണ് ലഭിക്കുന്നത്. സഞ്ചാരയോഗ്യമായ ഇത്തരം ചാലുകൾ ഭൂമിയിലെന്ന പോലെ സമുദ്രത്തിലും അന്തരീക്ഷത്തിലും കണ്ടെത്തുകയാണ് ചെയ്യുക, നിർമ്മിക്കുകയല്ല എന്നത് അതുമായി ബന്ധപ്പെട്ട ഗവേഷണങൾ നടത്തുന്നവർ സമ്മതിക്കുന്ന വസ്തുതയാണ്.

പലരും പല നിലയിൽ യാത്ര ചെയ്താൽ എല്ലാവരും ലക്ഷ്യസ്ഥാനത്തെത്തുകയോ കൃത്യമായ ലക്ഷ്യസ്ഥാനത്തെത്തുന്ന പാതകൾ നിർമ്മിതമാകുകയോ ഇല്ല, അത് കൊണ്ട് ലക്ഷ്യത്തേലേക്കുള്ള യഥാർത്ഥ പാതകൾ കണ്ടെത്തുക എന്നത് ദൈവാനുഗ്രഹം തന്നെയാണ് എന്നാണ് ഈ വചനങ്ങൾ സൂചിപ്പിച്ചത്.

NB: ഖുർആനിക അദ്ധ്യാപനങ്ങളുടെ വായനക്കും നിങ്ങളുടെ ചോദ്യത്തിനും നന്ദി രേഖപ്പെടുത്തുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.

ഖുർആനിന്റെ വിശാലമായ വചനങ്ങളെ ചെറു പാഠങ്ങളായി സംഗ്രഹിക്കുമ്പോൾ വരുന്ന അവ്യക്തത മൂലമുണ്ടാകുന്ന സംശയങ്ങൾ മാത്രമാണിത്. പൂർണ്ണമായ പഠനത്തിലൂടെ അവ ദൂരീകരിക്കാനാവും.

സർവ്വശക്തനായ അല്ലാഹു നമ്മെ സന്മാർഗ്ഗത്തിലേക്ക് നയിക്കട്ടെ!.
ദാറുൽ ഉലൂം - ഓച്ചിറ
തയ്യാറാക്കിയത്:
ഹഫിസ് സൽമാൻ ഹുസ്നി നദ്വി
മുദരിസ്(ദാറുൽ ഉലൂം ഒാച്ചിറ)